Friday, May 14, 2010

വൃക്ഷം

നിരത്തി വെയ്ക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ക്കിടയിലൂടെ
നിറവും മണവുമില്ലാത്ത തെരുവോരങ്ങളിലൂടെ
തിരിച്ചറിയപ്പെടാനാവാത്ത മനുഷ്യര്‍ക്കിടയിലൂടെ 
നടന്നു പോകുമ്പോള്‍  ഉഴറുന്ന കണ്ണുകളില്‍
ഭീതിയുടെ നേര്‍ത്ത അലകള്‍ പൊതിയപ്പെട്ടപ്പോള്‍ ...
കാരണമില്ലാത്ത കണ്ണുനീര്‍പ്പാടകളിലൂടെ
കാഴ്ചകളിലുടനീളം പലതും പങ്കുവെച്ചപ്പോഴും,
 പങ്കുവെയ്ക്കപ്പെടാത്ത നിരാലംബതയോടെ ഇന്നും.

മങ്ങിയ ഒരു നിഴല്‍ പോലെ തുടങ്ങി,
കാലത്തിനുമപ്പുറത്തേക്ക്  വളരുന്ന നിഴല്‍ രൂപങ്ങള്‍
കോടിയ ആ നിഴല്‍ രൂപങ്ങളുടെ അസ്തിത്വം ഇന്നെവിടെയാണ് ?
കാത്തുനില്‍ക്കുന്ന വെള്ളപുതച്ച നരച്ച ഭ്രാന്തി ആരാണ് ?

പക്ഷിക്കോ അതോ പക്ഷികള്‍ക്കോ സാന്ത്വനവും തണലും
സ്നേഹവും നല്‍കി ഇല പൊഴിയാതെ തളിര്‍ത്ത വൃക്ഷമേ
നിന്റെ ചില്ലകള്‍ ആരാണ് വെട്ടിയരിഞ്ഞത് ?
ഇരിക്കുവാന്‍  തണലും ഭുജിക്കുവാന്‍ ഭക്ഷണവും കൊടുത്തു 
അപ്പോഴും ഭിക്ഷാംദേഹിയായി  നിന്ന ആ  പക്ഷിയോ ?

പിന്നെയും പക്ഷീ നീ കരയുന്നത് എന്തിനു വേണ്ടിയാണ് ?
എനിക്കിന്ന് സ്വന്തം എന്റെ കണ്ണുനീരു മാത്രം ....
അടര്‍ന്നു പൊഴിയുന്ന ഈ  കണ്ണുനീര്‍ കുടിച്ചാല്‍
നിന്റെ ദാഹം ശമിക്കുമെങ്കില്‍ അതും നീ കുടിച്ചുകൊള്ളുക 
കാരണം ജീവിതത്തിനും മരണത്തിനുമിടക്കുള്ള
നൂല്‍പ്പാലത്തിലാണ് ഇന്ന് ഞാന്‍ .................