Friday, May 14, 2010

വൃക്ഷം

നിരത്തി വെയ്ക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ക്കിടയിലൂടെ
നിറവും മണവുമില്ലാത്ത തെരുവോരങ്ങളിലൂടെ
തിരിച്ചറിയപ്പെടാനാവാത്ത മനുഷ്യര്‍ക്കിടയിലൂടെ 
നടന്നു പോകുമ്പോള്‍  ഉഴറുന്ന കണ്ണുകളില്‍
ഭീതിയുടെ നേര്‍ത്ത അലകള്‍ പൊതിയപ്പെട്ടപ്പോള്‍ ...
കാരണമില്ലാത്ത കണ്ണുനീര്‍പ്പാടകളിലൂടെ
കാഴ്ചകളിലുടനീളം പലതും പങ്കുവെച്ചപ്പോഴും,
 പങ്കുവെയ്ക്കപ്പെടാത്ത നിരാലംബതയോടെ ഇന്നും.

മങ്ങിയ ഒരു നിഴല്‍ പോലെ തുടങ്ങി,
കാലത്തിനുമപ്പുറത്തേക്ക്  വളരുന്ന നിഴല്‍ രൂപങ്ങള്‍
കോടിയ ആ നിഴല്‍ രൂപങ്ങളുടെ അസ്തിത്വം ഇന്നെവിടെയാണ് ?
കാത്തുനില്‍ക്കുന്ന വെള്ളപുതച്ച നരച്ച ഭ്രാന്തി ആരാണ് ?

പക്ഷിക്കോ അതോ പക്ഷികള്‍ക്കോ സാന്ത്വനവും തണലും
സ്നേഹവും നല്‍കി ഇല പൊഴിയാതെ തളിര്‍ത്ത വൃക്ഷമേ
നിന്റെ ചില്ലകള്‍ ആരാണ് വെട്ടിയരിഞ്ഞത് ?
ഇരിക്കുവാന്‍  തണലും ഭുജിക്കുവാന്‍ ഭക്ഷണവും കൊടുത്തു 
അപ്പോഴും ഭിക്ഷാംദേഹിയായി  നിന്ന ആ  പക്ഷിയോ ?

പിന്നെയും പക്ഷീ നീ കരയുന്നത് എന്തിനു വേണ്ടിയാണ് ?
എനിക്കിന്ന് സ്വന്തം എന്റെ കണ്ണുനീരു മാത്രം ....
അടര്‍ന്നു പൊഴിയുന്ന ഈ  കണ്ണുനീര്‍ കുടിച്ചാല്‍
നിന്റെ ദാഹം ശമിക്കുമെങ്കില്‍ അതും നീ കുടിച്ചുകൊള്ളുക 
കാരണം ജീവിതത്തിനും മരണത്തിനുമിടക്കുള്ള
നൂല്‍പ്പാലത്തിലാണ് ഇന്ന് ഞാന്‍ .................

Wednesday, March 17, 2010

പ്രണയങ്ങള്‍ ഇനിയുമുണ്ടാകട്ടെ ...

എന്റെ നേരെ നോക്കുന്ന നിന്റെ
കണ്ണുകളിലെന്നും പ്രണയമായിരുന്നു
നിറയുമാ കണ്ണുകള്‍ തോരാത്ത നേരവും
പ്രണയമായിരുന്നു എന്നും..

നിന്റെ പ്രണയത്തില്‍ നിന്നും ഉത്ഭവിച്ച ഉറവ
എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലാണ് ചെന്നു പതിച്ചത്
എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളും മോഹങ്ങളുമായി
നീ എന്റെ മുന്‍പില്‍ കൈ നീട്ടിയതെന്തിനായിരുന്നു ?

കാലം നീക്കിവെച്ച ബാധ്യതകള്‍ നിന്നെ തേടി വരുമ്പോള്‍
നീ പതറുന്നത് ഞാന്‍ കാണുന്നു
നീ ഓര്‍ക്കുക ..നിരന്തരം ഓര്‍ക്കുക
അന്ന് ഞാന്‍ ഒരു ഭാരമായി
നിന്റെ മുന്‍പില്‍ ഉണ്ടാവുകയില്ല ...

ജീവിതത്തില്‍ ഞാന്‍ തോറ്റുപോകുന്നു ...
എന്റെ ജീവന്‍ എന്റെ മുന്‍പില്‍
ചോദ്യ ചിഹ്നമായി നില്‍ക്കുന്നു.
നിഴലുകള്‍ നിരന്നു നില്‍ക്കുന്ന വഴിത്താരയില്‍
എവിടെയ്ക്കാണെന്റെയീ യാത്ര.....
കാലമിനിയും വരട്ടെ ..
പ്രണയങ്ങള്‍ ഇനിയുമുണ്ടാകട്ടെ ...

Thursday, February 4, 2010

എന്റെ പ്രാണന്റെ ആത്മഹത്യ

അന്തരാത്മാവിന്റെ വിദൂര നിലവിളിയും
മറികടന്ന് ഞാന്‍ നിന്റെ ചാരത്തണയും ....
പക്ഷെ നീ എനിക്ക് ആരായിരുന്നു ?
വൈകി എത്തിയ ഓരോ ചാറ്റല്‍ മഴയിലും
നീരാവിയുടെ തീഷ്ണത ഉണ്ടായിരുന്നു ...
ഓരോ നിശ്വാസങ്ങള്‍ക്കപ്പുറം
ദൂരത്തു തെന്നിമാറുന്ന സ്ഫടിക തുള്ളികളിലോരോന്നിലും
എന്റെ ഹൃദയമുണ്ടായിരുന്നു .....
നിന്റെ ആത്മാവിന്റെ രോദനം എന്നെ കേള്‍പ്പിച്ചു കൊണ്ട് ..
അവഗണനയുടെയും പ്രതികാരത്തിന്റെയും
നിസ്സഹായവസ്ഥയുടെയും അന്ത്യമായ്‌ ....
അപ്പോഴും നീണ്ട നിശബ്ദതയില്‍
മിഴിയൂന്നി നീ നില്‍ക്കുന്നുണ്ടായിരിക്കും ...
നിനയാത്ത മഴചാറ്റലിനോടുവില്‍
ഞാന്‍ നിന്റെയല്ലാതായി തീരുന്ന നിമിഷം
നിന്റെ ഹൃദയത്തില്‍ എന്നേക്കും വരച്ചിട്ടതായിരുന്നുവോ ????
വിരഹവും സ്നേഹവും തമ്മില്‍ കലരുമ്പോള്‍ ..
പിന്നീട് എപ്പോഴൊക്കെയോ
പ്രണയം പിന്‍വാങ്ങുകയായിരുന്നുവോ ?
പ്രകാശമേല്‍ക്കാതെ നിലാവേല്‍ക്കാതെ
കാത്തുസൂക്ഷിക്കുകയായിരുന്നു പക്ഷെ
നിഴലേറ്റു തകരുമെന്നാര് കണ്ടു ......
എന്റെ മനസ്സാക്ഷിയുടെ മാനവിക മൂല്യത്തിന്റെ
സമസന്തുലിതാവസ്ഥ തെറ്റിച്ചു എന്നെ
ഭ്രാന്തിന്റെ വക്കിലെത്തിച്ചതെന്തിനായിരുന്നു
എന്നിട്ടും എന്തിനു നീയെന്നെ നിന്റെ
പൊള്ളയായ പദങ്ങള്‍ കൊണ്ട് തേടി വരുന്നു ?
അന്ന് നീ ഒരു തവണയെ എന്നെ ഉപേക്ഷിച്ചിരുന്നുള്ളൂ
പക്ഷെ ഇന്ന് നീ ദിവസവും നിന്റെ
ഓരോ വാക്കില്‍ കൂടിയും എന്നെ ഉപേക്ഷിക്കയാണ് ...
മധുര വചനങ്ങളിലൂടെ ബാലിശമായ ശബ്ദ ബഹുല്യത്തോടെ
നിരര്‍ഥകമായ അഹംഭാവത്തിലൂടെ ...
എന്നും സ്നേഹവും പരാജയവും ഇടകലരുമ്പോള്‍
തെറ്റും ശരിയും കൂട്ടിയോജിപ്പിക്കുമ്പോള്‍
അവിടെയെല്ലാം ഞാന്‍ തോറ്റുപോകുന്നുണ്ട് ...
എന്റെ ഹൃദയത്തില്‍ നിന്നിറങ്ങി പോയപ്പോള്‍ നീ ,
എന്തുകൊണ്ടാണ് നിന്നെ കൂടി കൊണ്ട് പോകാഞ്ഞത്‌ ???
തിരഞ്ഞു തിരഞ്ഞു നോക്കുമ്പോള്‍ .....
എന്റെ ഹൃദയത്തിന്റെ പെരുമ്പറ ശബ്ദം ഞാന്‍ കേള്‍ക്കേണ്ടിവരും ..
ശബ്ദനാളങ്ങള്‍ പാഞ്ഞു പോകുമ്പോഴും
ഉടമസ്ഥന്റെ നിഴലിനെ തേടി തേടി ഞാന്‍ നടക്കും ...
നിഴലനങ്ങുമ്പോള്‍ നിശബ്ദ നിലവിളി മുഴക്കി
രണഭൂവില്‍ നിന്ന് ഞാനോടിയോളിക്കും ...
എന്റെ നിറങ്ങളില്‍ നിന്നുമാസുന്ദര സ്വപ്നങ്ങളില്‍നിന്നുമൊരു
നിശബ്ദലോകത്തിലേക്കു.....
നിനവുകളുടെയും ഭാവനകളുടെയുമാ സംഗീതം പൊഴിക്കുന്ന ...
എന്റെ ഹൃദയം പറയുന്നത് എനിക്കനുസരിക്കാന്‍ കഴിയുന്ന
ഒരു ചെറിയ തുരുത്തിലേക്ക് .....