Monday, August 15, 2011

സ്ത്രീത്വം



ഞാനിന്നു  ഭ്രാന്തിയായിരിക്കുന്നു.
ഭ്രാന്തു മുഴുക്കുന്നതിനു മുന്‍പ് -ഹേ സ്ത്രീയെ,
നീ രക്ഷപ്പെട്ടു കൊള്‍ക .
എനിക്ക്  മുന്‍പില്‍ നീയും  എന്റെ ജീവിതവും,
അമ്പേ തോറ്റുപോയിരിക്കുന്നു.

നിന്നെയും എന്നെയും ആരാണ് വഞ്ചിച്ചത്?
നിന്നെ പ്രസവിക്കുക വഴി നിന്റെ അമ്മ-
നിന്റെ  അച്ഛനെ വഞ്ചിച്ചു കഴിഞ്ഞിരിക്കുന്നു
അതിനും എത്രയോ മുന്‍പുതന്നെ നിന്റെ അച്ഛന്‍
നിന്നെ വഞ്ചിച്ചു കഴിഞ്ഞിരുന്നു ...
ചിരിക്കുക ഉറക്കെ ചിരിക്കുക ..........

എന്നും കൂടെയുണ്ടാകുമെന്നു കരുതിയവരെല്ലാം
യാത്ര പറഞ്ഞു തിരിച്ചു പോയി.
സൌഹൃദത്തിന്റെ നവ കനികള്‍ ഭക്ഷിച്ചു-
ന്മത്തരായി തീര്‍ന്നവര്‍ക്ക് വേണ്ടി
കരഞ്ഞു നിലവിളിക്കാന്‍ എനിക്ക് മനസ്സില്ല .

എന്റെ പ്രിയ സ്നേഹിതാ
നിന്റെ മുകളില്‍ ചതി ഇഴ പാകിയത്‌
നീ അറിയാതെ പോയതെന്ത് ?
ഇനി നീ എന്റെ ആരാണ് ?
നിന്റെ ധര്‍മ്മം  ആരുടെ കൂടെയാണ് ?

വഞ്ചിച്ച പ്രിയപ്പെട്ടവര്‍ക്കിടയില്‍ എപ്പോഴോ
മഴപോലെ എന്നില്‍ പെയ്തിറങ്ങിയ-
നിന്റെ സ്നേഹത്തെ,
നിന്നെ ഞാന്‍ ഹൃദയം നിറഞ്ഞ്  സ്നേഹിക്കുന്നു ...
ഊഷരമായ ഈ ഭൂമിയില്‍ തകര്‍ന്നടിയാന്‍-
വെമ്പുന്ന മഴയായ്  നിന്റെ കാല്‍ച്ചുവട്ടില്‍
അഭയാര്‍ഥിയെപ്പോലെ ഇന്ന്  ഞാന്‍ കിടക്കുന്നു....

ഇതെന്റെ അവസാനമാണ് .
ഇത് നിന്റെയും അവസാനമാണ് .
ഈ ലോകത്തിന്റെ തന്നെ അവസാനമാണ് .
കരുതിയിരിക്കുക .....